|
ഇട
എവിടെയെല്ലാം?
ഒരു അക്ഷരം എഴുതാനാവശ്യമായ സ്ഥലത്തിന്
തുല്യമായ ശൂന്യസ്ഥലത്തെ ഒരു ഇട എന്ന് പറയാം. രണ്ട് വാക്കുകളെ തമ്മിൽ
അകറ്റുന്നതിന്ന് ഒരു ഇട ഉപയോഗിക്കുന്നു. ഓരോ വാചകവും പൂർണവിരാമത്തിലോ ചോദ്യത്തിലോ
ആശ്ചര്യത്തിലോ അവസാനിക്കുന്നു. വാചകങ്ങളുടെ അവസാനം നിർബന്ധമായും ഇട വേണം. ഒരു
വാചകം അവസാനിച്ചതിനു ശേഷം അടുത്ത വാചകം തുടങ്ങുന്നതിന് മുൻപ് രണ്ട് ഇട ഉപയോഗിക്കുന്നു.
അതായത്, പൂർണവിരാമചിഹ്നം അഥവാ
ബിന്ദു (.), ആശ്ചര്യചിഹ്നം അഥവാ വിക്ഷേപിണി (!), ചോദ്യചിഹ്നം അഥവാ കാകു (?) എന്നിവയ്ക്ക് ശേഷം രണ്ട് ഇട
ഉപയോഗിക്കുന്നു. അല്പവിരാമചിഹ്നം അഥവാ അങ്കുശം (,), അർധവിരാമചിഹ്നം
അഥവാ രോധിനി (;) തുടങ്ങിയ ചിഹ്നങ്ങൾ ഒരു വാചകത്തിൽ വന്നാൽ
അവയ്ക്കുശേഷം ഒരു ഇട ഇടണം. എന്നാൽ, ഒരാളിനെ
സംബോധനചെയ്യുമ്പോൾ കൊടുക്കുന്ന വിക്ഷേപിണിക്ക് (!) ശേഷം ഒരു ഇട കൊടുത്താൽ മതി.
ഉദാഹരണമായി "ഹേ രാമ! എന്നെ കാത്തോളണേ" എന്ന
വാചകത്തിൽ വിക്ഷേപിണിക്ക് ശേഷം ഒരു ഇട മതി. എന്നാൽ "അതിമനോഹരം!
എവിടെനിന്ന് കിട്ടി?" എന്നതിൽ
ആശ്ചര്യചിഹ്നത്തിനുശേഷം രണ്ട് ഇട വേണം.
വലയം (ചിഹ്നനം)
ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ
മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നതിന്
ഉപയോഗിക്കുന്ന ചിഹ്നമാണ് വലയം (Parentheses). വലയത്തിനുള്ളിൽ വരുന്ന
വാക്യാംശത്തിന് കേരളപാണിനി ഗർഭവാക്യം
എന്ന് പേർ നൽകിയിരിക്കുന്നു. ഗർഭവാക്യത്തിനിരുപുറവും ചേർക്കുന്ന
വൃത്താംശരൂപത്തിലുള്ള ചിഹ്നത്തെയാണ് വലയം എന്നു വിളിക്കുന്നതെങ്കിലും ഈ
ആവശ്യത്തിനുപയോഗിക്കുന്ന കോഷ്ഠം മുതലായ
മറ്റു ചിഹ്നങ്ങളെയും സാമാന്യമായി ഈ പദം സൂചിപ്പിക്കുന്നു. ഗണിതം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയവയിൽ വിവിധാവശ്യങ്ങൾക്കായി വിവിധ തരം വലയങ്ങൾ
ഉപയോഗിക്കുന്നു.
പ്രയോഗം
പ്രസ്താവനയ്ക്കിടയിൽ വലയത്തിനുള്ളിൽ
ചേർക്കുന്ന ചോദ്യചിഹ്നം അക്കാര്യത്തിലുള്ള
അവ്യക്തതയെയും സന്ദേഹത്തെയും സൂചിപ്പിക്കും. വിവർത്തനങ്ങളിലും വ്യാഖ്യാനങ്ങളിലും
മറ്റും അർത്ഥവ്യക്തതയ്ക്കു വേണ്ടി, മൂലകൃതിയിലില്ലാത്ത ചില അംശങ്ങൾ കൂട്ടിച്ചേർക്കുന്നതും വലയത്തിനുള്ളിൽ
എഴുതാറുണ്ട്.
ഉദാ:-
- കോമൺവെൽത്ത് രാഷ്ട്രങ്ങൾക്കിടയിൽ (ബ്രിട്ടന്റെ പഴയ കോളനികൾ) നിയമിക്കപ്പെടുന്ന നയതന്ത്രപ്രതിനിധികൾ ഹൈക്കമ്മീഷണർമാർ എന്ന് അറിയപ്പെടുന്നു.
- നമ്മുടെ അംഗങ്ങൾ (രാജനും രാമനും) നന്നായി കഷ്ടപ്പെടുന്നുണ്ട്.
- ഇനിയും മരിക്കാത്ത ഭൂമി, ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം
കോഷ്ഠം
|
ഒരു വലയം
ആരംഭിച്ച് അവസാനിപ്പിക്കുന്നതിനു മുൻപ് മറ്റൊരു വലയത്തിന്റെ ആവശ്യകത വരുകയാണെങ്കിൽ,
ആദ്യത്തെ വലയം ചതുരാകൃതിയിലും, ഉള്ളിലെ വലയം
വർത്തുളാകൃതിയിലും ആയിരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന
ചതുരാകൃതിയിലുള്ള വലയത്തെ കോഷ്ഠം എന്ന് പറയുന്നു. ഇത് ഇംഗ്ലീഷ്
ഭാഷയിൽ സ്ക്വയർബ്രാക്കറ്റ് (Square Bracket) എന്ന്
അറിയപ്പെടുന്നു.
ഉദാ:- ചലനഗുണത്തിന്റെ അടിസ്ഥാനത്തിൽ
കമ്പ്യൂട്ടറുകളെ രണ്ടായി [എടുത്തുകൊണ്ടുനടക്കാവുന്നവയും (ലാപ്‌ടോപ്,
നോട്ട്ബുക്ക് തുടങ്ങിയവ) സ്ഥിരമായി ഒരിടത്തുതന്നെ വയ്ക്കുന്നവയും
(പേഴ്സണൽ കമ്പ്യൂട്ടർ, സെർവറുകൾ തുടങ്ങിയവ)] തിരിക്കാം
ഭിത്തിക
ഒരു വാക്യത്തിന്റെയോ
വാചകത്തെത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ
ഉപയോഗിക്കുന്ന ചിഹ്നമാണ് ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon).
പ്രയോഗം
പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ
ക്ഷണിക്കുക, ദൃഷ്ടാന്തം
തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക
തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം
രേഖയും ചേർക്കാറുണ്ട്.
ഉദാ:‒
ഉപയോക്താക്കളുടെ
ശ്രദ്ധയ്ക്ക്:‒
ആശ്ചര്യചിഹ്നം
വിസ്മയം,
വെറുപ്പ്, സന്തോഷം, സന്താപം,
പരിഹാസം തുടങ്ങിയ വികാരങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം
(!) (ഇംഗ്ലീഷ്:Exclamation
mark). സ്തോഭചിഹ്നം എന്നും വിക്ഷേപണി എന്നും ഇത്
അറിയപ്പെടുന്നു. മലയാളത്തിൽ, സംബോധനയ്ക്ക് ശേഷവും ഈ ചിഹ്നം
ഉപയോഗിച്ചിരുന്നു.
ഉദാ:-1)
ഛായ്!
ഇവനാണോ അധ്യക്ഷനെ സ്വീകരിക്കാൻ പോകുന്നത്!
ഉദാ:-2)
കൊള്ളാം!
കമ്മ്യൂണിസ്റ്റാണത്രെ, കമ്മ്യൂണിസ്റ്റ്!
ഉദാ:-3)
രാമാ!
നീ എന്നാണ് മടങ്ങിവരിക?
ഗണിതത്തിൽ
ഗണിതത്തിൽ n
എന്ന സംഖ്യയുടെ ഫാക്ടോറിയലിനെ
സൂചിപ്പിക്കുന്നത് n! എന്നാണ്.
അർധവിരാമം
മഹാവാക്യങ്ങളിലെ അംഗിവാക്യങ്ങളെയും
ശിഥിലബന്ധമുള്ള അംഗവാക്യങ്ങളെയും വേർതിരിക്കാനുപയോഗിക്കുന്ന ചിഹ്നമാണ് അർധവിരാമം (ഇംഗ്ലീഷ്:Semicolon).
ഈ ചിഹ്നത്തിന് രോധിനി എന്നും പേരുണ്ട്.
ഉദാ:- 1)
വിലാപകാവ്യരചനയ്ക്കു
വിയോഗിനീവൃത്തമാണ് കവികൾ സാധാരണയായി സ്വീകരിച്ചുവന്നത്;
എന്നാൽ മഹാകവി കുമാരനാശാനാകട്ടെ 'പ്രരോദനം'
രചിച്ചത് 'ശാർദ്ദൂലവിക്രീഡിത'ത്തിലാണ്.
ഉദാ:- 2)
ഇന്നു
നാം ബഹുമാനിക്കുന്നതിനെ നാളെ നിന്ദിച്ചെന്നു വരാം; ഇന്നു വേണ്ടെന്നു വയ്ക്കുന്നതിനെ നാളെ നാം സ്വീകരിച്ചെന്നു വരാം; അതുപോലെ, ഇന്നു നാം ആഗ്രഹിക്കുന്നതിനെ നാളെ
വെറുത്തെന്നുവരാം.
പൂർണവിരാമം
പൂർണവാക്യത്തിന്റെ അവസാനത്തിൽ
ചേർക്കുന്ന ചിഹ്നമാണ് പൂർണവിരാമം (.) (ഇംഗ്ലീഷ്: Full stop). മലയാളത്തിൽ
പൂർണവിരാമത്തിനുപയോഗിക്കുന്ന ചിഹ്നം ബിന്ദു എന്നും അറിയപ്പെടുന്നു.
ചുരുക്കെഴുത്തുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.
ഉദാ:-1)
രാമൻ
രാവണനെ കൊന്നു.
ഉദാ:-2)
ല.സാ.ഗു.
അല്പവിരാമം
വാക്യത്തിന്റെ ഇടയ്ക്ക് അല്പമായുള്ള
നിർത്തലിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ് അല്പവിരാമം (,) (ഇംഗ്ലീഷ്:Comma).
ഇതിന് അങ്കുശം എന്നും പേരുണ്ട്.
ശൃംഖല (ചിഹ്നനം)
പദവിഭജനം,
പദബന്ധം, തുടർച്ച എന്നിവയെക്കുറിക്കാൻ
ഉപയോഗിക്കുന്ന ചിഹ്നമാണ് ശൃംഖല. ഇത് ഒരു ചെറിയ വരയാണ്. കവിതയിൽ ഒരു പദം ഇടയ്ക്ക്
മുറിച്ച് രണ്ടു വരിയിലായി എഴുതേണ്ടി വരിക, സമസ്തപദത്തിലെ
ഘടകപദങ്ങൾ രണ്ടു വരികളിലായി വേർപിരിഞ്ഞുവരിക, സന്ധിചേരാത്ത
സമാനപദങ്ങളെ ബന്ധിപ്പിക്കേണ്ടിവരിക, തുടങ്ങിയ സന്ദർഭങ്ങളിൽ
ശൃംഖല ആവശ്യമായി വരുന്നു. അതുപോലെ തന്നെ, ചെറിയ അക്കങ്ങൾ
വാക്യത്തിനിടയ്ക്ക് വരുമ്പോളും, രണ്ട് വർഷങ്ങൾ അടുത്തടുത്ത്
എഴുതുമ്പോളും, തിയതികുറിക്കുന്ന അക്കം കഴിഞ്ഞും ശൃംഖല
ഉപയോഗിക്കുന്നു. [1] ഇത് ഇംഗ്ലീഷ്
ഭാഷയിൽ ഹൈഫൻ (hyphen) എന്ന് അറിയപ്പെടുന്നു.
ഉദാ:-
1). ഇൻഡോ-ചീനാ അതിർത്തി
2). 7-ഉം 8-ഉം
3). ആവു,
വെറും മണ്ണൊരു നക്ഷത്ര-
ക്കടലോടനുരാഗത്തിൽ! പൂവേ,
4). 2009-2010
ചോദ്യചിഹ്നം
ചോദ്യരൂപങ്ങളായ വാക്യങ്ങളുടെ
അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നമാണ് ചോദ്യചിഹ്നം (?) (ഇംഗ്ലീഷ്:Question
mark അഥവാ Interrogation mark). കാകു
എന്നും ഇതിന് പേരുണ്ട്.
ഉദാഹരണം:-
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
ഏതാണ്?
ചോദ്യസൂചകങ്ങളായ പദങ്ങളൊന്നും
വാചകത്തിലില്ലെന്കിൽ കൂടിയും, അർഥതലത്തിൽ
ചോദ്യമായ വാക്യങ്ങൾക്കും ചോദ്യചിഹ്നം വേണം. ഉദാഹരണം:-
നീ ഇന്നും ജോലിക്ക് പോയി?
ചായ്‌വര
വേർതിരിക്കപ്പെട്ട ഒരു കൂട്ടം
പദങ്ങളിൽ ഒന്നു മാത്രം സ്വീകാര്യം എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ചായ്‌വര.
ഇതിനെ ചരിവു വര എന്നും വിളിക്കാറുണ്ട്.
ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ലാഷ് (slash)
എന്ന് അറിയപ്പെടുന്നു.
ഉദാ:-
1). സ്ത്രീ/പുരുഷൻ
2). അവിവാഹിത/വിവാഹിത/വിധവ/വിവാഹമോചനം
നേടിയവൾ
പ്രശ്ലേഷം (ചിഹ്നനം)
രണ്ടു പദങ്ങളുടെ സന്ധിയിൽ ഉത്തരപദാദിയായ 'അ'കാരം പൂർവവർണത്തോടു ചേർന്നതിനാൽ കാണ്മാനില്ല എന്ന്
ബോധിപ്പാൻ ചേർക്കുന്ന ചിഹ്നമാണ് പ്രശ്ലേഷം (ഽ). ഇതിന് അവഗ്രഹം
എന്നും പേരുണ്ട്. സന്ധിയിൽ ഒരു 'അ'കാരം
മറഞ്ഞുകിടക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ ചിഹ്നം ചേർക്കുന്നത്. സന്ധിയിൽ 'ആ'കാരമാണ് മറഞ്ഞിരിക്കുന്നതെങ്കിൽ രണ്ട്
പ്രശ്ലേഷചിഹ്നം ചേർക്കണം.[അവലംബം ആവശ്യമാണ്]
നിരുക്തം
'പ്രശ്ലേഷഃ' എന്ന സംസ്കൃതപദത്തിൽനിന്നാണ് 'പ്രശ്ലേഷം' എന്ന പദത്തിന്റെ ഉത്പത്തി. 'ശ്ലേഷഃ' എന്ന പദത്തിന് ചേരൽ അഥവാ കൂടിച്ചേരൽ എന്നർഥം. 'പ്രശ്ലേഷഃ'
എന്നാൽ 'നന്നായി ചേരൽ'. 'അ'കാരത്തിന്റെ ചേർച്ചയെ സൂചിപ്പിക്കുന്നതിനാൽ 'പ്രശ്ലേഷം' എന്ന് പേർ.
വിശദീകരണം
സ്വരസന്ധികളിൽ മാത്രയുടെ എണ്ണം
ഉച്ചരിക്കാവുന്നതിലും കൂടുതലാവുമ്പോഴാണു് പ്രശ്ലേഷം ഉപയോഗിക്കേണ്ടി വരുന്നതു്.
രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ അവയുടെ യോഗം വൃദ്ധി,ഗുണം,വ്യഞ്ജനീഭാവം എന്നീ മാറ്റങ്ങൾക്കു വിധേയമാവാം. ഇത്തരം മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു.
അ എന്ന സ്വരത്തിൽ അവസാനിക്കുന്ന ഒരു
വാക്കും അതിനു തുടർച്ചയായി അ എന്നു തുടങ്ങുന്ന മറ്റൊരു വാക്കും കൂടിച്ചേരുന്നു
എന്നിരിക്കട്ടെ. ഈ സന്ധിയിൽ രണ്ടു സ്വരങ്ങളും കൂടിച്ചേർന്നു് രണ്ടുമാത്രയുള്ള ആ
എന്നായി മാറും. ഉദാ: പദം1{അ}+{അ}പദം2 = പദം1{ആ}പദം2
അതേ സമയത്തു് ഇതിൽ ഏതെങ്കിലും ഒരു
സ്വരം മുമ്പുതന്നെ ആ എന്നായിരുന്നുവെങ്കിലോ? ഉദാ: പദം1{ആ}+{അ}പദം2 അല്ലെങ്കിൽ പദം1{അ}+{ആ}പദം2
ഇത്തരം സന്ദർഭങ്ങളിൽ സന്ധിയിൽ
രണ്ടുമാത്രയുള്ള ആ എന്നു മാത്രം മതിയാകില്ല. കൂടുതൽ വരുന്ന ഒരു മാത്ര 'അ' കൂടി അവിടെയുണ്ടെന്നു കാണിക്കണം.
അതിനുവേണ്ടിയാണു് ഈ ചിഹ്നം ഉപയോഗിക്കുന്നതു്. പദം1{ആ}ഽപദം2 ഉദാ:
- ലളിതാ + അപി = ലളിതാഽപി
- നമോ + അസ്തു = നമോഽസ്തു
പ്രശ്ലേഷചിഹ്നം കൊണ്ട് കാണിക്കുന്ന
അധികമാത്ര ഉച്ചാരണത്തിലും ആവശ്യമാണ്.
സംസ്കൃതജന്യമായ പദങ്ങളിലും
ശ്ലോകങ്ങളിലുമാണു് പ്രശ്ലേഷത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമായി വരുന്നതു്.
തനിമലയാളം പദങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ യ, വ തുടങ്ങിയ അക്ഷരങ്ങൾ ആഗമമായി ഇടയിൽ വരികയാണു് പതിവു്.
ഉദാ: 1. പാലാ ആയോ?
-> പാലായായോ? 2. രാജാ ആയിരുന്നു -> രാജാവായിരുന്നു / രാജായായിരുന്നു.
അപവാദങ്ങൾ
"ഏ,
ഓ ഇത്യാദി സ്വരങ്ങളെ അധികം നീട്ടണമെന്ന്
കാണിക്കുന്നതിനുപയോഗിക്കുന്ന ചിഹ്നമാണ് പ്രശ്ലേഷം" എന്ന് എ. ആർ. രാജരാജവർമ
തന്റെ 'ശബ്ദശോധിനി' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.